---
title: "കൊട്ടിയൂർ ശിവരാത്രി ബലിതർപ്പണത്തിന് ഭക്തജന പ്രവാഹം"
english_title: "The influx of devotees to the sacrifice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29357/The-influx-of-devotees-to-the -sacrifice"
published_at: "2022-03-02T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f3bb2809ad_Picsart_22-03-02_14-06-33-138.jpg"
keywords: []
---

# കൊട്ടിയൂർ ശിവരാത്രി ബലിതർപ്പണത്തിന് ഭക്തജന പ്രവാഹം

> **Lead Summary:**  കൊട്ടിയൂർ: പാലാഴി മഥനം നടത്തിയപ്പോൾ കൈവന്ന കാളകൂട വിഷം ലോക രക്ഷാർത്ഥം പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചെന്നും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിച്ചെന്നുമാണ് വിശ്വാസം.

## Article Content

 കൊട്ടിയൂർ: പാലാഴി മഥനം നടത്തിയപ്പോൾ കൈവന്ന കാളകൂട വിഷം ലോക രക്ഷാർത്ഥം പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചെന്നും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിച്ചെന്നുമാണ് വിശ്വാസം.

അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതിരിക്കാൻ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമുപേക്ഷിച്ച് പ്രാർഥിച്ച ദിവസമാണത്രെ ശിവരാത്രി. ശിവരാത്രിയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ഏറെ ഉണ്ടെങ്കിലും ഹൈന്ദവ വിശ്വാസപ്രകാരം ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന പുണ്യദിനം തന്നെയാണ് ശിവരാത്രി.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.

കേരളത്തിലെ തന്നെ പ്രധാന ശിവക്ഷേത്രമായ കൊട്ടിയൂരിൽ ചൊവ്വാഴ്ച രാവിലെ മുതൽതന്നെ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. കോവിഡിനെ തുടർന്ന് രണ്ടുവർഷത്തോളം മുടങ്ങിയ ചടങ്ങുകളായിരുന്നു പുനരാരംഭിച്ചത്. ശിവരാതി നാളിൽ വൈകുന്നേരത്തെ ദീപ കാഴ്ച കാണാൻ അഭൂതപൂർവമായ ഭക്തജനപ്രവഹമായിരുന്നു.

തുടർന്ന് ബുധനാഴ്ച്ച പുലർച്ചെ അഞ്ചുമണിമുതൽ പിതൃപുണ്യം തേടി ഭക്തജനങ്ങൾ ബാവലിയിൽ ബലിതർപ്പണം നടത്തി. കോവിഡ് ഇളവുകൾ വന്നതിനു ശേഷമുള്ള ശിവരാത്രിയായതിനാൽത്തന്നെ തർപ്പണത്തിനെത്തിയവരുടെ തിരക്ക് കൂടുതലായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ബലിയിടൽ ചടങ്ങുകൾ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29357/The-influx-of-devotees-to-the -sacrifice)